Friday, July 23, 2010

പ്രണയാക്ഷരങ്ങളുടെ മൌനം..


അവള്‍
ഇരവിന്റെ ഖിന്നതപേറിയ
എഴാംയാമത്തിലെ കാറ്റായിരുന്നു .
അവന്‍ ഒരു തടാകത്തിന്റെ
ജലച്ഛായയിലേക്ക്
താഴ്ന്നു പോയ നനഞ്ഞ സൂര്യനും.

ഇന്നലെയവരുടെ പ്രണയത്തിന്റെ
ബലിദിവസ്സമായിരുന്നു.
വേഷപകര്ച്ചകള്‍ക്കിടയില്‍
വിട പറഞ്ഞു പോയ
മുഖമില്ലാതെ നിഴലുകള്‍ക്ക്
മൌനം കൊണ്ട് ഞാന്‍
തര്‍പ്പണം ചെയ്തു.

അവര്‍ക്കൊര്‍മയുണ്ടാകില്ല
എന്റെ ഹൃദയത്തിന്റെ ശമനതാളം കണ്ട്‌
പകച്ചു പോയ സന്ധ്യകളെയും
കാലത്തിന്റെ കറുത്ത ചക്രവാളങ്ങളില്‍
വാക്കുകളുടെ തിരകളെണ്ണിയലഞ്ഞ
രാത്രികളെയും.
.
കടംകൊണ്ട അക്ഷരങ്ങളുടെ
ചാറ്റല്‍ മഴയിലാണ്
അവനവളുടെ അര്‍ദ്ധരാത്രികളില്‍
പൂക്കള്‍ വിടര്‍ത്തിയതും
മൌനത്തോടോരം ചേര്‍ന്നവളുടെ
മൂര്‍ധാവില്‍ ഫണം പൊഴിച്ചതും.

ഇന്ന് ഞാന്‍ മണ്മറഞ്ഞ
ഓര്‍മ്മകളുടെ മഴകൊള്ളുമ്പോള്‍
വിണ്ണില്‍ നിന്നും
ഹരവൃഷഭം പോലടര്‍ന്ന നിലാവിന്
പഴയ പ്രണയങ്ങളുടെ മുഖമായിരുന്നു,
ചുറ്റും സ്വാന്തനം പോലെ പിടയുന്ന
കാറ്റിന് അക്ഷരങ്ങളുടെ
കണ്ണീരുണ്ടായിരുന്നു .

പക്ഷെ കാലമിപ്പോള്‍പറയുന്നു-
നീ പ്രണയമുപെക്ഷിച്ച താളുകളില്‍
ശൂന്യതയുടെ തീ പടര്‍ത്തുക
കാമത്തിന്റെ ഉലയിലെക്ക്
അവയെ വലിച്ചെറിയുക......